ക്രിസ്തുമതം
തിരികെ

സങ്കീർത്തനങ്ങൾ 69

നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു

1ദൈവമേ, എന്നെ രക്ഷിക്കണമേ, ജലപ്രവാഹം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു.

2കാലുകൾ ഉറപ്പിക്കാനാകാത്ത ആഴമുള്ള ചേറ്റിൽ ഞാൻ മുങ്ങിത്താഴുന്നു. ആഴമുള്ള പ്രവാഹത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു; ജലപ്രളയം എനിക്കുമീതേ കവിഞ്ഞൊഴുകുന്നു.

3സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു. എന്റെ ദൈവത്തിനായി കാത്തിരുന്ന് എന്റെ കണ്ണുകൾ മങ്ങുന്നു.

4കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു; അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാകുന്നു. ഞാൻ അപഹരിക്കാത്ത വസ്തുവകകൾ മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു.

5ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു; എന്റെ പാതകം അങ്ങയുടെമുമ്പാകെ മറവായിരിക്കുന്നതുമില്ല.

6കർത്താവേ, സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ ഞാൻമൂലം അപമാനിതരാകരുതേ; ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവർ ഞാൻമൂലം ലജ്ജിതരാകരുതേ.

7കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു എന്റെ മുഖം ലജ്ജകൊണ്ട് മൂടപ്പെടുന്നു.

8എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും എന്റെ മാതാവിന്റെ മക്കൾക്കൊരു അപരിചിതനും ആകുന്നു;

9അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു അങ്ങയെ അപമാനിക്കുന്നവരുടെ നിന്ദയും എന്റെമേൽ വീണിരിക്കുന്നു.

10ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ എനിക്ക് നിന്ദ സഹിക്കേണ്ടിവരുന്നു;

11ഞാൻ ചാക്കുശീലധരിക്കുമ്പോൾ അവർക്കു ഞാനൊരു പഴമൊഴിയായിത്തീരുന്നു.

12നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു, മദ്യപർക്ക് ഞാനൊരു ഗാനമായിരിക്കുന്നു.

13എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്, ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു; ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ.

14ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാനതിൽ ആഴ്ന്നുപോകാൻ അനുവദിക്കരുതേ; എന്നെ വെറുക്കുന്നവരിൽനിന്നും ആഴമേറിയ ജലാശയത്തിൽനിന്നും എന്നെ വിടുവിക്കണമേ.

15ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ ആഴങ്ങൾ എന്നെ വിഴുങ്ങിക്കളയുന്നതിനോ ഗർത്തങ്ങൾ എന്നെ അവയുടെയുള്ളിൽ ബന്ധിച്ചിടുന്നതിനോ അനുവദിക്കരുതേ.

16യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ; അവിടത്തെ കരുണാധിക്യത്താൽ എന്നിലേക്കു തിരിയണമേ.

17അങ്ങയുടെ ദാസനിൽനിന്നു തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടതയിൽ ആയിരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.

18എന്നോട് അടുത്തുവന്ന് എന്നെ മോചിപ്പിക്കണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടുകൊള്ളണമേ.

19ഞാൻ സഹിക്കുന്ന നിന്ദയും അപമാനവും ലജ്ജയും അങ്ങ് അറിയുന്നു; എന്റെ എല്ലാ ശത്രുക്കളും തിരുമുമ്പിലുണ്ടല്ലോ.

20നിന്ദ എന്റെ ഹൃദയത്തെ തകർത്തിരിക്കുന്നു അത് എന്നെ നിസ്സഹായനാക്കിയിരിക്കുന്നു; ഞാൻ മനസ്സലിവിനായി ചുറ്റും പരതി, എന്നാൽ എനിക്കൊരിടത്തുനിന്നും ലഭിച്ചില്ല, ആശ്വസിപ്പിക്കുന്നവർക്കായി കാത്തിരുന്നു, എന്നാൽ ആരെയും കണ്ടെത്തിയില്ല.

21അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി എന്റെ ദാഹത്തിന് കുടിക്കാൻ അവർ വിന്നാഗിരി തന്നു.

22അവരുടെ ഭക്ഷണമേശ അവർക്കൊരു കെണിയായിത്തീരട്ടെ; അവരുടെ സമൃദ്ധി അവർക്കൊരു കുരുക്കായിത്തീരട്ടെ.

23കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ, അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.

24അങ്ങയുടെ കോപം അവരുടെമേൽ ചൊരിയണമേ; അവിടത്തെ ഭീകരകോപം അവരെ കീഴടക്കട്ടെ.

25അവരുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും വസിക്കാതിരിക്കട്ടെ.

26കാരണം അങ്ങ് മുറിവേൽപ്പിച്ചവരെ അവർ പീഡിപ്പിക്കുന്നു അങ്ങ് മുറിവേൽപ്പിച്ചവരുടെ വേദനയെപ്പറ്റി അവർ ചർച്ചചെയ്യുന്നു.

27അവരുടെ കുറ്റത്തിനുമേൽ കുറ്റം കൂട്ടണമേ; അവർ അങ്ങയുടെ രക്ഷയിൽ പങ്കുകാരാകാൻ അനുവദിക്കരുതേ.

28ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേരുകൾ മായിച്ചുകളയണമേ നീതിനിഷ്ഠരോടുകൂടെ അവരെ എണ്ണുകയുമരുതേ.

29ഞാൻ പീഡനത്തിലും വേദനയിലും ആയിരിക്കുന്നു— ദൈവമേ, അവിടത്തെ രക്ഷ എന്നെ സംരക്ഷിക്കണമേ.

30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും സ്തോത്രാർപ്പണത്തോടെ അവിടത്തെ മഹത്ത്വപ്പെടുത്തും.

31ഇത് യഹോവയ്ക്ക് ഒരു കാളയെ, കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെ, യാഗമർപ്പിക്കുന്നതിലും പ്രസാദകരമായിരിക്കും.

32പീഡിതർ അതുകണ്ടു സന്തുഷ്ടരാകും— ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം സജീവമാകട്ടെ!

33യഹോവ ദരിദ്രരുടെ അപേക്ഷ കേൾക്കും; തന്റെ ബന്ധിതരായവരെ നിരാകരിക്കുകയുമില്ല.

34ആകാശവും ഭൂമിയും അവിടത്തെ സ്തുതിക്കട്ടെ, സമുദ്രങ്ങളും അതിൽ സഞ്ചരിക്കുന്ന സമസ്തവുംതന്നെ,

35കാരണം ദൈവം സീയോനെ രക്ഷിക്കുകയും അവിടന്ന് യെഹൂദാനഗരങ്ങളെ പുനർനിർമിക്കുകയും ചെയ്യും. അപ്പോൾ അങ്ങയുടെ ജനം അവിടെ പാർത്ത് അത് കൈവശമാക്കും;

36അവിടത്തെ സേവകരുടെ മക്കൾ അതിനെ അവകാശമാക്കുകയും തിരുനാമത്തെ സ്നേഹിക്കുന്നവർ അവിടെ അധിവസിക്കുകയും ചെയ്യും.

ഉറവിടം: Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

WEBREATH · 11:11

«He himself gives everyone life and breath and everything else» — Acts 17:25

Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.

WEBREATH — the Minute at 11:11, your own local time — we are One Breath