ക്രിസ്തുമതം
തിരികെ

സങ്കീർത്തനങ്ങൾ 37

നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു

1അധർമം പ്രവർത്തിക്കുന്നവർനിമിത്തം അസ്വസ്ഥരാകുകയോ ദുഷ്ടരോട് അസൂയാലുക്കളാകുകയോ അരുത്.

2പുല്ലുപോലെ അവർ വേഗത്തിൽ വാടിപ്പോകും പച്ചച്ചെടിപോലെ അവർ വേഗത്തിൽ ഇല്ലാതെയാകും.

3യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക; എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.

4യഹോവയിൽ ആനന്ദിക്കുക, അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.

5നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക; യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:

6അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും, നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.

7യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക; അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല, അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.

8കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക; ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ.

9കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും, എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും.

10ഒരൽപ്പകാലംകൂടി, ദുഷ്ടർ ഇല്ലാതെയാകും; നീ അവരെ അന്വേഷിച്ചാലും അവരെ കണ്ടെത്തുകയില്ല.

11എന്നാൽ സൗമ്യതയുള്ളവർ ഭൂമി അവകാശമാക്കുകയും സമാധാനം, അഭിവൃദ്ധി എന്നിവ ആസ്വദിക്കുകയും ചെയ്യും.

12ദുഷ്ടർ നീതിനിഷ്ഠർക്കെതിരേ ഗൂഢാലോചന നടത്തുന്നു അവരുടെനേരേ പല്ലുഞെരിക്കുകയുംചെയ്യുന്നു;

13എന്നാൽ കർത്താവ് ദുഷ്ടരെ നോക്കി ചിരിക്കുന്നു, അവരുടെ ദിവസം അടുത്തിരിക്കുന്നെന്ന് അവിടത്തേക്കറിയാം.

14ദുഷ്ടർ വാളെടുക്കുകയും വില്ലുകുലയ്ക്കുകയും ചെയ്യുന്നു, ദരിദ്രരെയും അശരണരെയും നശിപ്പിക്കുന്നതിനും പരമാർഥതയോടെ ജീവിക്കുന്നവരെ വധിക്കുന്നതിനുംതന്നെ.

15എന്നാൽ അവരുടെ വാൾ അവരുടെ ഹൃദയത്തെത്തന്നെ കുത്തിത്തുളയ്ക്കും, അവരുടെ വില്ലുകൾ തകർന്നുപോകും.

16ഒട്ടനവധി ദുഷ്ടരുടെ സമൃദ്ധിയെക്കാൾ നീതിനിഷ്ഠരുടെ പക്കലുള്ള അൽപ്പം ഏറെ നല്ലത്;

17കാരണം ദുഷ്ടരുടെ ശക്തി തകർക്കപ്പെടും, എന്നാൽ യഹോവ നീതിനിഷ്ഠരെ ഉദ്ധരിക്കും.

18നിഷ്കളങ്കരുടെ ദിനങ്ങൾ യഹോവ അറിയുന്നു, അവരുടെ ഓഹരി ശാശ്വതമായി നിലനിൽക്കും.

19കഷ്ടകാലത്ത് അവർ വാടിപ്പോകുകയില്ല; ക്ഷാമകാലത്ത് അവർ സമൃദ്ധി അനുഭവിക്കും.

20എന്നാൽ ദുഷ്ടർ നശിച്ചുപോകും: യഹോവയുടെ ശത്രുക്കൾ വയലിലെ പൂക്കൾപോലെയാകുന്നു, അവർ മാഞ്ഞുപോകും, പുകയായി അവർ ഉയർന്നുപോകും.

21ദുഷ്ടർ വായ്പവാങ്ങുന്നു, ഒരിക്കലും തിരികെ നൽകുന്നില്ല, എന്നാൽ നീതിനിഷ്ഠർ ഉദാരപൂർവം ദാനംചെയ്യുന്നു;

22യഹോവയാൽ അനുഗൃഹീതർ ദേശം അവകാശമാക്കും, എന്നാൽ അവിടന്ന് ശപിക്കുന്നവർ ഛേദിക്കപ്പെടും.

23യഹോവയിൽ ആനന്ദിക്കുന്നവരുടെ ചുവടുകൾ അവിടന്ന് സുസ്ഥിരമാക്കുന്നു;

24അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല, കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു.

25ഞാൻ യുവാവായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; എന്നിട്ടും നാളിതുവരെ നീതിനിഷ്ഠർ പരിത്യജിക്കപ്പെടുന്നതോ അവരുടെ മക്കൾ ആഹാരം ഇരക്കുന്നതോ ഞാൻ കണ്ടിട്ടില്ല.

26അവർ എപ്പോഴും ഉദാരമനസ്കരും വായ്പനൽകുന്നവരുമാണ്, അവരുടെ മക്കൾ അനുഗൃഹീതരായിത്തീരും.

27തിന്മയിൽനിന്നു പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക, അപ്പോൾ നീ ദേശത്ത് ചിരകാലം വസിക്കും.

28കാരണം യഹോവ നീതിയെ സ്നേഹിക്കുന്നു അവിടന്ന് തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല. അവർ എന്നെന്നേക്കും സംരക്ഷിക്കപ്പെടും; എന്നാൽ ദുഷ്ടരുടെ മക്കൾ നശിച്ചുപോകും.

29നീതിനിഷ്ഠർ ഭൂമി അവകാശമാക്കുകയും ചിരകാലം അവിടെ താമസിക്കുകയും ചെയ്യും.

30നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു, അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു.

31അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്; അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല.

32നീതിനിഷ്ഠരുടെ ജീവൻ അപഹരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ദുഷ്ടർ അവർക്കായി പതിയിരിക്കുന്നു.

33എന്നാൽ യഹോവ അവരെ അവരുടെ ഇഷ്ടത്തിന് ഏൽപ്പിച്ചുകൊടുക്കുകയോ ന്യായവിസ്താരത്തിൽ ശിക്ഷിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യുകയില്ല.

34യഹോവയിൽ പ്രത്യാശയർപ്പിക്കുക അവിടത്തെ മാർഗം പിൻതുടരുക. അവിടന്നു നിങ്ങളെ ഭൂമിയുടെ അവകാശിയായി ഉയർത്തും; ദുഷ്ടർ ഛേദിക്കപ്പെടുന്നത് നിങ്ങൾ കാണുകയും ചെയ്യും.

35സ്വദേശത്തെ വൃക്ഷംപോലെ ദുഷ്ടരും അനുകമ്പയില്ലാത്തവരും തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്,

36എന്നാൽ അവർ വളരെപ്പെട്ടെന്ന് മാറ്റപ്പെടുന്നു, അതിന്റെ സ്ഥാനത്ത് ഒന്നും ശേഷിക്കുകയില്ല; ഞാൻ അവരെ അന്വേഷിച്ചു, കണ്ടെത്താൻ കഴിഞ്ഞതുമില്ല.

37സത്യസന്ധരെ നിരീക്ഷിക്കുക, പരമാർഥതയുള്ളവരെ ശ്രദ്ധിക്കുക; സമാധാനം അന്വേഷിക്കുന്നവർക്ക് സന്തതിപരമ്പരകൾ ഉണ്ടാകും.

38എന്നാൽ പാപികൾ എല്ലാവരും നശിപ്പിക്കപ്പെടും; ദുഷ്ടർ സന്തതിയില്ലാതെ സമൂലം ഛേദിക്കപ്പെടും.

39നീതിനിഷ്ഠരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു; ദുർഘടസമയത്ത് അവിടന്ന് അവർക്ക് ഉറപ്പുള്ളകോട്ട.

40യഹോവ അവരെ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവർ യഹോവയിൽ അഭയംതേടുന്നതിനാൽ അവിടന്ന് അവരെ ദുഷ്ടരിൽനിന്നു വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.

ഉറവിടം: Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

WEBREATH · 11:11

«He himself gives everyone life and breath and everything else» — Acts 17:25

Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.

WEBREATH — the Minute at 11:11, your own local time — we are One Breath