സങ്കീർത്തനങ്ങൾ 107
നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു
1യഹോവയ്ക്കു സ്തോത്രംചെയ്വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
2യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ, അവിടന്ന് ശത്രുക്കളുടെ കൈയിൽനിന്ന് വീണ്ടെടുത്തവർ,
3കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടന്ന് കൂട്ടിച്ചേർത്തവരായ ജനം ഇപ്രകാരം പറയട്ടെ:
4അവർ മരുഭൂമിയിൽ വിജനപാതയിൽ അലഞ്ഞുനടന്നു, വാസയോഗ്യമായ പട്ടണമൊന്നും അവർ കണ്ടെത്തിയില്ല.
5അവർ വിശന്നും ദാഹിച്ചും അലഞ്ഞു, അവരുടെ ജീവൻ ചോർന്നുപോയിരിക്കുന്നു.
6അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ വിടുവിച്ചു.
7അവർക്കു വാസയോഗ്യമായ ഒരു നഗരത്തിലേക്ക് അവിടന്ന് അവരെ നേർപാതയിലൂടെ നയിച്ചു.
8അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
9കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു.
10ചിലർ ഇരുമ്പുചങ്ങലകളാൽ ബന്ധിതരായി കഷ്ടമനുഭവിച്ചു, കൂരിരുളിലും അന്ധതമസ്സിലും ജീവിച്ചു.
11കാരണം അവർ ദൈവത്തിന്റെ കൽപ്പനകൾ തിരസ്കരിച്ചു അത്യുന്നതന്റെ ആലോചനകൾ നിരസിച്ചു.
12അതിനാൽ അവിടന്ന് അവരെ കഠിനാധ്വാനത്തിന് ഏൽപ്പിച്ചു; അവർ തളർന്നുവീണു, സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
13അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
14അവിടന്ന് അവരെ അന്ധകാരത്തിൽനിന്ന്, അതേ, ഘോരാന്ധകാരത്തിൽനിന്നുതന്നെ വിടുവിച്ചു, അവരുടെ ചങ്ങലകളെ അവിടന്നു പൊട്ടിച്ചെറിഞ്ഞു.
15അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
16കാരണം, അവിടന്ന് വെങ്കലക്കവാടങ്ങളെ തകർക്കുകയും ഇരുമ്പോടാമ്പലുകളെ വെട്ടിമുറിക്കുകയും ചെയ്യുന്നു.
17ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നു അവരുടെ അകൃത്യങ്ങളാൽ ദുരിതമനുഭവിച്ചു.
18എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി, മരണകവാടത്തോട് അവർ സമീപിച്ചിരുന്നു.
19അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
20അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; ശവക്കുഴികളിൽനിന്ന് അവിടന്ന് അവരെ മോചിപ്പിച്ചു.
21അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
22അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയും അവിടത്തെ പ്രവൃത്തികൾ ആനന്ദഗീതങ്ങളാൽ വർണിക്കുകയും ചെയ്യട്ടെ.
23ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി; കടലിലൂടെയവർ കപ്പൽയാത്രചെയ്തു.
24അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു, ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ.
25അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി, തിരമാലകൾ ഉയർന്നുപൊങ്ങി.
26അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു; തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു.
27അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു; അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി.
28അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
29അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അമർന്നു.
30അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു, അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു.
31അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
32ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെ സമുദായനേതാക്കന്മാരുടെ സംഘത്തിൽ അവിടത്തെ സ്തുതിക്കട്ടെ.
33ദേശവാസികളുടെ ദുഷ്പ്രവൃത്തികൾനിമിത്തം അവിടന്ന് നദികളെ മരുഭൂമിയും
34അരുവികളെ ദാഹാർത്തഭൂമിയും ഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു.
35അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായും വരണ്ടനിലത്തെ നീർച്ചാലുകളായും മാറ്റുന്നു;
36അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു, അവർക്കു വാസയോഗ്യമായ ഒരു പട്ടണം അവർ പണിതുയർത്തുന്നു.
37അവർ നിലങ്ങൾ വിതച്ചു മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു അതിൽനിന്ന് അവർക്കു വിളസമൃദ്ധിയും ലഭിച്ചു;
38അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി, അവരുടെ കാലിസമ്പത്ത് കുറയുന്നതിന് അവിടന്ന് അനുവദിച്ചതുമില്ല.
39പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി, അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു;
40പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കി മാറ്റുന്ന യഹോവ ഗതിയില്ലാതെ ശൂന്യപ്രദേശങ്ങളിലൂടെ അലയുന്നതിന് അവരെ ഇടയാക്കി.
41എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചു അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റം എന്നതുപോലെ വർധിപ്പിച്ചു.
42ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു, എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു.
43ജ്ഞാനമുള്ളവർ ഈ കാര്യങ്ങൾ സശ്രദ്ധം മനസ്സിലാക്കുകയും യഹോവയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ.
WEBREATH · 11:11
«He himself gives everyone life and breath and everything else» — Acts 17:25
Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.
WEBREATH — the Minute at 11:11, your own local time — we are One Breath