ക്രിസ്തുമതം
തിരികെ

സദൃശവാക്യങ്ങൾ 7

നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു

1എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.

2എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക.

3അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.

4ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക.

5അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും.

6എന്റെ വീടിന്റെ ജനാലയ്ക്കരികിൽ അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി.

7യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു, ഒരു ലളിതമാനസനെ ഞാൻ കണ്ടു, ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ.

8അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്; അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു,

9അന്തിമയക്കത്തിൽ പ്രകാശം മങ്ങി, രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്.

10അപ്പോൾ കുടിലചിത്തയായ ഒരുവൾ വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു.

11അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്, അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്;

12അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു.

13അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു ലജ്ജാരഹിതയായി അവനോടു പറഞ്ഞു:

14“എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്, ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു.

15അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു; ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു!

16ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ.

17മീറ, ചന്ദനം, ലവംഗം എന്നിവകൊണ്ട് എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു.

18വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം!

19എന്റെ ഭർത്താവ് ഭവനത്തിലില്ല; അയാൾ ദൂരയാത്ര പോയിരിക്കുകയാണ്.

20അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.”

21മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു.

22ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, കുരുക്കിലേക്കു പായുന്ന മാനിനെപ്പോലെ,

23അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല.

24അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക; എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക.

25നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത് അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്.

26അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്; അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്.

27അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു.

ഉറവിടം: Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

WEBREATH · 11:11

«He himself gives everyone life and breath and everything else» — Acts 17:25

Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.

WEBREATH — the Minute at 11:11, your own local time — we are One Breath