സദൃശവാക്യങ്ങൾ 3
നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു
1എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്, എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,
2അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.
3ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ; അവ നിന്റെ കഴുത്തിൽ അണിയുക, നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
4അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതിയും സൽപ്പേരും സമ്പാദിക്കും.
5പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
6നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
7സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
8ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് പോഷണവും നൽകും.
9നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
10അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.
11എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,
12കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
13ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
14കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്.
15അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
16അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
17അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
18അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.
19ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി, വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു;
20അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു, ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു.
21എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക, അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;
22കാരണം അവ നിനക്കു ജീവനും, നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.
23അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും, നിന്റെ കാലടികൾ ഇടറുകയുമില്ല.
24കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല; നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും
25പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,
26കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.
27നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ, അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്.
28നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ, “പിന്നെവരിക, നാളെനോക്കാം,” എന്നു നിന്റെ അയൽവാസിയോട് പറയരുത്.
29നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന, നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്.
30നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ, യാതൊരുകാരണവശാലും കലഹിക്കരുത്.
31അക്രമിയോട് അസൂയപ്പെടുകയോ അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്.
32വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു.
33ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു, നീതിനിഷ്ഠരുടെ ഭവനത്തെയോ, അവിടന്ന് അനുഗ്രഹിക്കുന്നു.
34പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.
35ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു, ഭോഷരെ അപമാനത്തിന് ഏൽപ്പിച്ചുകൊടുക്കും.
WEBREATH · 11:11
«He himself gives everyone life and breath and everything else» — Acts 17:25
Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.
WEBREATH — the Minute at 11:11, your own local time — we are One Breath